ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

അട്ടപ്പാടിയിലെ ആദിവാസി ബാലന്റെ മൊബൈൽ ക്യാമറക്കണ്ണിൽ വിസ്മയക്കാഴ്ചകൾ

പ്ലസ്ടു വിദ്യാർത്ഥിയുടെ മൈക്രോ ഫോട്ടോഗ്രഫി ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

Gokul with his Mobile camera
Gokul with his Mobile camera

അട്ടപ്പാടി:  ചെടിയുടെ തലപ്പത്തിരിക്കുന്ന പൂവാലൻ തുമ്പി, ചിറകുകളിൽ നിറങ്ങളുടെ ആകാശനീല പുരട്ടി തേൻ കുടിക്കുന്ന ശലഭം, മേഞ്ഞുനടക്കുന്ന ആട്ടിൻകൂട്ടം, പേരറിഞ്ഞതും അറിയാത്തതുമായ ഒരുപാട് പൂക്കൾ... അട്ടപ്പാടിയുടെ പ്രകൃതിയിലെ ഈ സുന്ദര നിമിഷങ്ങൾ പകർത്തിയിരിക്കുന്നത് പ്ലസ്ടു വിദ്യാർത്ഥിയായ ഒരു ആദിവാസി ബാലൻ. ക്യാമറയ്ക്ക് പകരം കൈയിലുള്ളത് വെറും ഒരു മൊബൈൽ ഫോൺ. പക്ഷേ ആ ക്യാമറക്കണ്ണിലൂടെ പിറക്കുന്നത് വിസ്മയക്കാഴ്ചകൾ.

1001413516.jpg

അട്ടപ്പാടി പുതൂരിലെ ഗവൺമെന്റ് ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എംഐടി (മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ) രണ്ടാം വർഷ വിദ്യാർത്ഥിയായ ഗോകുൽ എം ആണ് ഈ ചിത്രങ്ങൾക്ക് പിന്നിൽ.

 

ഗോകുലിന്റെ കൈയിലുള്ളത് ₹8,000 കൊടുത്ത് സെക്കൻഡ് ഹാൻഡായി വാങ്ങിയ ഫോൺ. കൃത്യമായി പറഞ്ഞാൽ POCO C50. ഒരു സാധാരണ ഫോൺ. എന്നാൽ ഈ ഫോണിന്റെ ക്യാമറയിലൂടെ ഗോകുൽ കാണുന്നത് അസാധാരണമായ കാഴ്ചകളാണ്.

1001413517.jpg

പൂക്കളെയും മൃഗങ്ങളെയും ചിത്രീകരിക്കാനാണ് ഗോകുലിന് ഏറെ ഇഷ്ടം. മൊബൈലിലെ മാക്രോ ലെൻസിന്റെ സഹായത്തോടെ ചെറിയ പ്രാണികളെയും പൂക്കളെയും വളരെ അടുത്തുനിന്ന് പകർത്തുന്നു. ഒരേ കാഴ്ചയുടെ നിരവധി ചിത്രങ്ങൾ എടുക്കും. അതിൽ ഏറ്റവും മികച്ചത് മാത്രം തിരഞ്ഞെടുത്ത് ബാക്കിയുള്ളവ ഒഴിവാക്കും. ലൈറ്റ് റൂം എന്ന ആപ്പിലെ ക്യാമറയും ഗോകുലിന്റെ സഹായിയാണ്. 

1001413513.jpg

"എനിക്ക് പൂക്കളെയും മൃഗങ്ങളെയും ഷൂട്ട് ചെയ്യുന്നത് ഇഷ്ടമാണ്. ഒന്നിന്റെ തന്നെ കുറേ ഫോട്ടോ എടുക്കും. പിന്നീട് ഒന്ന് മാത്രം നിർത്തി ബാക്കി കളയും," ഗോകുൽ പറയുന്നു.

 

ഫോട്ടോഗ്രാഫർമാർ ഗോൾഡൻ അവർ എന്ന് വിളിക്കുന്ന സായാഹ്നത്തിന്റെ പൊൻപ്രഭയിൽ പകർത്തിയ അട്ടപ്പാടിയിലെ വിദൂര ഊരുകളുടെ മനോഹര ചിത്രങ്ങളും ഗോകുലിന്റെ ശേഖരത്തിലുണ്ട്.

1001413512.jpg

തമിഴ്നാടിനോടടുത്തുകിടക്കുന്ന മുള്ളിയിലാണ് ഗോകുലിന്റെ വീട്. മകന്റെ പഠനസൗകര്യത്തിനായി അച്ഛൻ മണികണ്ഠനും അമ്മ ലതയും സ്കൂൾ സ്ഥിതി ചെയ്യുന്ന മൂലക്കൊമ്പിൽ വാടകയ്ക്ക് താമസിക്കുകയാണ്. കുടുംബത്തിലെ എല്ലാവരും സാധാരണ കൂലിത്തൊഴിലാളികൾ. വസന്ത് സഹോദരനാണ്. 

 

പ്രകൃതിയോടുള്ള ഇഷ്ടം ചെറുപ്പം മുതലേ ഗോകുലിനുണ്ടായിരുന്നു. മൊബൈലും ഇന്റർനെറ്റും പരിചിതമായതോടെ ആ ഇഷ്ടം കൂടുതൽ വളർന്നു. സ്വയം പഠിച്ചും ഇന്റർനെറ്റിലൂടെ അറിവ് നേടിയുമാണ് ഗോകുൽ ഫോട്ടോഗ്രഫിയിൽ മുന്നേറുന്നത്.

1001413520.jpg

വെറും നൂറിലേറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ള ഗോകുലിന്റെ "kutty.6733" എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് പതിനേഴായിരത്തിലേറെ ഫോളോവേഴ്സുണ്ട്. പല രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരും ഗോകുലിനെ പിന്തുടരുന്നവരിലുണ്ട്.

 

ഗോകുലിന്റെ ചിത്രങ്ങൾ കണ്ടാണ് സ്കൂൾ പ്രിൻസിപ്പൽ മറിയ സ്കൂൾ മുറ്റത്ത് ഫോട്ടോ എക്സിബിഷൻ ഒരുക്കിയത്. പ്രദർശനത്തിലെ ചിത്രങ്ങൾ കണ്ട മന്ത്രി എൻ. ഷംസുദ്ദീനും ഗോകുലിനെ അഭിനന്ദിച്ചു.

1001413518.jpg

ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാകണം. താൻ കാണുന്ന കാഴ്ചകൾ അതേ കണ്ണുകളോടെ ലോകം കാണണം. ഗോകുലിന്റെ സ്വപ്നം അതാണ്.പക്ഷേ അതൊക്കെ നടക്കുമോ... സംസ്ഥാനത്തെ ഒരു വിദൂര ഗ്രാമത്തിൽ ഇരുന്ന് കാഴ്ചകളെ വ്യത്യസ്തമാക്കുന്ന ഗോകുലിന് സംശയമാണ് ...  

 

അട്ടപ്പാടിയുടെ മലനിരകളിലും ഊരുകളിലും വിരിയുന്ന കാഴ്ചകളെ ഒരു മൊബൈൽ ക്യാമറയിലൂടെ ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഈ ബാലൻ. കൈയിൽ വിലകൂടിയ ക്യാമറയില്ലെങ്കിലും കണ്ണിൽ കാണുന്ന കാഴ്ചകളെ ഫ്രെയിമിലാക്കാനുള്ള കഴിവുണ്ട്. ആ കഴിവിന് ശരിയായ പിന്തുണ ലഭിച്ചാൽ ഗോകുലിന്റെ ക്യാമറക്കണ്ണുകൾ ഇനിയും വലിയ ലോകം കാണും.1001413519.jpg

Related news

Return to Home Page