പാലക്കാട് : ഇല്ലായ്മയും പ്രാരാബ്ദവുമായി പാലക്കാട്ടെ മെഡിക്കൽ കോളേജ് മുന്നോട്ടുപോകുമ്പോൾ; നിറയെ പ്രതിസന്ധികൾ ഉണ്ടെങ്കിലും നേട്ടങ്ങളുമായാണ് പാലക്കാട് ജില്ലാ ആശുപത്രിയുടെ പ്രയാണം.

പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ രോഗികൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ആവിഷ്കരിച്ച ദേശീയ ഗുണനിലവാര ഉറപ്പു മാനദണ്ഡമായ 'എൻ.ക്യു.എ.എസ്' (National Quality Assurance Standards) മൂല്യനിർണ്ണയത്തിൽ 94.72 ശതമാനം മാർക്ക് നേടി മികച്ച പ്രകടനമാണ് പാലക്കാട് ജില്ലാ ആശുപത്രി കാഴ്ചവച്ചിരിക്കുന്നത്. ഇതോടെ തുടർച്ചയായി മൂന്നു വർഷത്തേക്ക് ഓരോ വർഷവും നാല് കോടി 74 ലക്ഷം രൂപ വീതമുള്ള കുടുംബ ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായം ആശുപത്രിക്ക് ലഭ്യമാകും. ഒരു കട്ടിലിന് ഒരു വർഷം പതിനായിരം രൂപ എന്ന കണക്കിലാണ് തുക അനുവദിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പാലക്കാട് ജില്ല ആശുപത്രി കിട്ടുന്ന തുക കണക്കാക്കിയിരിക്കുന്നത്. ഇതോടെ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ സാമ്പത്തികം ലഭിക്കുന്ന സ്ഥിതിയാണ്.

സർക്കാർ ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ (FHC), പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (PHC), നഗരാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് എൻ ക്യു എ എസ് പരിശോധന നടത്തുന്നത്. രോഗി സുരക്ഷ, അണുബാധ നിയന്ത്രണം, രോഗികളുടെ അവകാശങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗുണനിലവാര പരിപാലനം എന്നിവ വിലയിരുത്തിയാണ് കേന്ദ്ര സംഘം ആശുപത്രിക്ക് ഉയർന്ന സ്കോർ നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് 7, 8തീയതികളിലായിരുന്നു പാലക്കാട് ജില്ലാ ആശുപത്രിയിൽ പരിശോധന നടന്നത്. തുടർച്ചയായ പരിശീലനങ്ങളും രോഗി സൗഹൃദ നടപടികളും കൃത്യമായി നടപ്പിലാക്കാൻ സാധിച്ചതാണ് ഈ മികവിലേക്ക് ആശുപത്രിയെ നയിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എസ് ബി രാജു പറഞ്ഞു.
നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എണ്ണൂറോളം ജീവനക്കാർക്കായി അനുമോദന യോഗം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത്. ചടങ്ങിൽ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരമായി ജീവനക്കാർക്ക് സർട്ടിഫിക്കറ്റും ബാഡ്ജും ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾക്ക് ട്രോഫികളും വിതരണം ചെയ്യും