പിഎം ശ്രീ വിഷയത്തിൽ കേന്ദ്രത്തിൽ നിന്ന് കത്ത് വന്നു എന്നത് ശരിയാണെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ ഷംസുദ്ദീൻ പറഞ്ഞു.പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ സർക്കാർ ഒപ്പിട്ട് ധാരണയായ വിഷയത്തിൽ തുടർ തീരുമാനങ്ങൾ ഉണ്ടാവണമെന്നാണ് കത്തിലുള്ളത്. പിഎം ശ്രീയോട് നിലവിലെ സർക്കാരിന് എതിർപ്പാണെങ്കിലും ധാരണയായ വിഷയത്തിൽ എന്ത് ചെയ്യാനാവും എന്ന കാര്യത്തിലാണ് വിവിധ തലങ്ങളിൽ ചർച്ച നടക്കുന്നത്. ക്യാബിനറ്റ് ഉപസമിതി യോഗവും അടുത്തയാഴ്ച നടക്കുന്നുണ്ട്.
പിഎം ശ്രീ വിഷയത്തിൽ യൂത്ത് ലീഗ്, മുസ്ലിം ലീഗ് എന്നല്ല യുഡിഎഫിന് ആകെ എതിർപ്പാണ് ഉള്ളത്. ഇവിടെ ഇപ്പോഴുള്ള പ്രശ്നം മുൻ സർക്കാർ ഒപ്പിട്ട് ധാരണയായ വിഷയത്തിൽ തുടർനടപടി എന്നതാണ്. അതായത് നിയമത്തിനു മുന്നിൽ ഗവർമെൻ്റുകൾ തുടർച്ചയാണ്. അതിനർത്ഥം പി എം ശ്രീ നടപ്പാക്കും എന്നല്ല അതിൽ എന്ത് ചെയ്യാൻ കഴിയും എന്നതാണെന്ന് മന്ത്രി പറഞ്ഞു.
സ്കൂൾ കായികമേളയിൽ കുട്ടികൾ
ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്നത് വളരെ ഗൗരവമുള്ള വിഷയമാണ് അത് അന്വേഷിക്കാൻ വേണ്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടറുടെ ട്രാൻസ്ഫർ അന്വേഷണത്തെ ബാധിക്കില്ല വകുപ്പ് കൃത്യമായ അന്വേഷണം നടത്തും. കുട്ടികളുടെ സ്വതസിദ്ധമായ കഴിവ് പുറത്തെത്തിക്കുന്നതിന് പകരം ഇത്തരം വളഞ്ഞ വഴികൾ ആരെങ്കിലും സ്വീകരിക്കുന്നുണ്ടെങ്കിൽ അത് അതീവ ഗൗരവമാണ്. അതിൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൻറെ ഗൗരവം ഇരട്ടിയാവുകയാണ്.കർശനമായ നടപടി ഉണ്ടാകും.
വൈദ്യുതി മുടക്കം ഒഴിവാക്കാൻ സർക്കാറും വകുപ്പും ഉണർന്ന് പ്രവർത്തിക്കുന്നുണ്ട് വൈകാതെ തന്നെ അതിൽ പരിഹാരം ഉണ്ടാകും എന്നും പറഞ്ഞു.