ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

ഡ്രൈവർ ഉറങ്ങിപ്പോയാൽ തൊട്ടറിയാം; അപകടം ഒഴിവാക്കാം

അത്യാധുനിക ടച്ച് സെൻസർ വികസിപ്പിച്ച് ഐഐടി പാലക്കാട്

Touch cencer in vehicle
Touch cencer in vehicle

പാലക്കാട്: ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിപ്പോകുന്നതും അശ്രദ്ധയോടെ വാഹനമോടിക്കുന്നതും തൊട്ടറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന പുതിയ സെൻസർ സാങ്കേതികവിദ്യ വികസിപ്പിച്ച് ഐഐടി പാലക്കാട്. വാഹനാപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.

1001421924.jpg

ഐഐടി പാലക്കാട് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീനാഥ് വിജയകുമാറും ടെക്‌നിക്കൽ സൂപ്രണ്ട് പിങ്കു സെബാസ്റ്റ്യനും ചേർന്നാണ് സെൻസർ വികസിപ്പിച്ചത്.

1001421922.jpg

സാധാരണ ഡ്രൈവർ മോണിറ്ററിങ് സംവിധാനങ്ങളിൽ ക്യാമറ ഉപയോഗിച്ചാണ് ഡ്രൈവറുടെ ശ്രദ്ധയും മുഖചലനങ്ങളും നിരീക്ഷിക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ ക്യാമറയുടെ ആവശ്യമില്ല. സ്റ്റിയറിങ് വീലിൽ ഘടിപ്പിക്കുന്ന പ്രത്യേക ടച്ച് സെൻസറുകളാണ് ഡ്രൈവറുടെ കൈകളുടെ സ്ഥാനം തിരിച്ചറിയുന്നത്.

 

ഡ്രൈവർ ഇരുകൈകളും ഉപയോഗിച്ച് സ്റ്റിയറിങ് നിയന്ത്രിക്കുന്നുണ്ടോ, കൈകൾ ദീർഘനേരം സ്റ്റിയറിങ്ങിൽ നിന്ന് മാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ സെൻസറിലൂടെ മനസ്സിലാക്കാനാകും. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിപ്പോകുകയോ ശ്രദ്ധ നഷ്ടപ്പെടുകയോ ചെയ്താൽ ഇതിലൂടെ അപകടസാധ്യത തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ കഴിയും.

 

രാത്രിയിലും പകലിലും വ്യത്യസ്ത കാലാവസ്ഥകളിലും പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് സെൻസർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാമറ അധിഷ്ഠിത സംവിധാനങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും സ്വകാര്യതാ പ്രശ്നങ്ങൾ കുറവുമാണ് മറ്റൊരു പ്രത്യേകത.

 

പ്രത്യേകം രൂപകൽപ്പന ചെയ്ത സെൻസറുകൾ ഘടിപ്പിച്ച പ്രോട്ടോടൈപ്പ് സ്റ്റിയറിങ് വീലിൽ നടത്തിയ പരിശോധനയിലും സംവിധാനം വിജയകരമാണെന്ന് ഗവേഷകർ വ്യക്തമാക്കി. പഠനത്തിന് ഇന്ത്യൻ പേറ്റന്റും ലഭിച്ചിട്ടുണ്ട്.

 

വാഹനങ്ങളിലെ ഡ്രൈവർ സുരക്ഷയ്ക്ക് പുറമെ റോബോട്ടിക്സ്, ആശുപത്രികളിലെ സ്മാർട്ട് ഐ.സി.യു ബെഡുകൾ തുടങ്ങിയ മേഖലകളിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

 

 

Related news

Return to Home Page